ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷ ഫെയര്‍ ജനുവരി 15,16 തീയതികളില്‍

New Project (19)

മനാമ: വിദ്യാഭ്യാസ മേഖലയിലെ 75 വര്‍ഷത്തെ മികവുറ്റ സേവനം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷ ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതികളിലാണ് മെഗാ ഫെയര്‍ നടക്കുക. 1950ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ അതിന്റെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുകയും, നേട്ടങ്ങള്‍ ആഘോഷിക്കുകയും, ഭാവിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ജനുവരി 15ന് പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെയാണ് സാംസ്‌കാരിക ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. ജനുവരി 16 ന്, വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക അവതരണങ്ങളോടെ ആഘോഷങ്ങള്‍ തുടരും. തുടര്‍ന്ന് ഇന്ത്യന്‍ പിന്നണി ഗായകരായ രൂപാലി ജഗ്ഗയും അഭിഷേക് സോണിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് അവതരിപ്പിക്കുന്ന മേളയില്‍ രണ്ട് ദിവസവും പരിപാടികള്‍ വൈകുന്നേരം 6 മുതല്‍ രാത്രി 10.30 വരെ നടക്കും.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും വിശാലമായ സമൂഹത്തില്‍ നിന്നുള്ള കുടുംബങ്ങള്‍ക്കും ഒത്തുചേരാനുള്ള അവസരം മേള പ്രദാനം ചെയ്യും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന സാംസ്‌കാരിക പ്രകടനങ്ങളുടെ ശ്രദ്ധേയമായ ഒരു ശ്രേണി മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ ഒരു പ്രധാന ആകര്‍ഷണം അതിന്റെ വിപുലമായ ഭക്ഷണ, വിനോദ സ്റ്റാളുകളായിരിക്കും. ലൈസന്‍സുള്ള ഔട്ട്‌ഡോര്‍ കാറ്ററിംഗ് സ്ഥാപനങ്ങള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രിയ പാചകരീതികള്‍ക്കൊപ്പം പ്രാദേശിക പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ ഒരുക്കും.

കൂടാതെ, കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നിരവധി ഗെയിമുകള്‍, വിനോദ സ്റ്റാളുകള്‍ എന്നിവ സംഘടിപ്പിക്കും. റാഫിള്‍ ഡ്രോയില്‍ ഒന്നാം സമ്മാനമായി എംജി കാര്‍ നല്‍കി സയാനി മോട്ടോഴ്സ് മേളയെ പിന്തുണക്കുന്നു. ജനുവരി 18 ന് രാവിലെ 11 മണിക്ക് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റാഫിള്‍ നറുക്കെടുപ്പ് നടക്കും. പ്ലാറ്റിനം ജൂബിലി പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് പ്രിന്‍സിപ്പല്‍മാരുടെയും വൈസ് പ്രിന്‍സിപ്പല്‍മാരുടെയും നേതൃത്വത്തില്‍ ഒരു സമര്‍പ്പിത സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

മേളയുടെ ജനറല്‍ കണ്‍വീനര്‍ ആര്‍ രമേശിന്റെയും പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ് നടരാജന്റെയും നേതൃത്വത്തില്‍ രക്ഷാകര്‍തൃ സംഘാടക സമിതിയും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു. പ്ലാറ്റിനം ജൂബിലി സാംസ്‌കാരിക മേള വ്യക്തവും അര്‍ത്ഥവത്തായതുമായ ലക്ഷ്യങ്ങളോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടിയില്‍ നിന്നുള്ള വരുമാനം അടിസ്ഥാന സൗകര്യ വികസനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായം, ജീവനക്കാരുടെ ക്ഷേമ സംരംഭങ്ങള്‍ എന്നിവയിലേക്ക് വിനിയോഗിക്കുമെന്ന് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമം ആഘോഷങ്ങളുടെ വ്യാപ്തിയും ഗുണനിലവാരവും ഉയര്‍ത്തുക മാത്രമല്ല, വിദ്യാഭ്യാസത്തിലും സമൂഹബന്ധത്തിലും മികവ് പുലര്‍ത്തുന്നതിനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടു ദിനാറാണ് ഫെയര്‍ ടിക്കറ്റ് നിരക്ക്. 12,000-ത്തിലധികം വിദ്യാര്‍ത്ഥികളും 700 അധ്യാപകരും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സ്‌കൂള്‍ ഒരുക്കുന്ന മേള സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സൗകര്യപ്രദമായ പാര്‍ക്കിങ് ഉറപ്പാക്കാന്‍ ദേശീയ സ്റ്റേഡിയത്തില്‍ നിന്ന് ഷട്ടില്‍ ബസ് സര്‍വീസുകള്‍ ഒരുക്കും.

പത്രസമ്മേളനത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി.സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട്‌സ് & മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, ട്രാന്‍സ്പോര്‍ട് അംഗം മുഹമ്മദ് നയസ് ഉല്ല, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവിയര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ഫെയര്‍ ജനറല്‍ കണ്‍വീനര്‍ ആര്‍ രമേശ്, സ്റ്റാര്‍ വിഷന്‍ ഇവന്റസ് ചെയര്‍മാന്‍ സേതുരാജ് കടക്കല്‍, പ്ലാറ്റിനം ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ്.നടരാജന്‍, പ്ലാറ്റിനം ജൂബിലി ഫെയര്‍ അഡൈ്വസര്‍ മുഹമ്മദ് ഹുസൈന്‍ മാലിം, സ്പോണ്‍സര്‍ഷിപ്പ് ജനറല്‍ കണ്‍വീനര്‍ കെ.അജയകൃഷ്ണന്‍, കോഓര്‍ഡിനേറ്റര്‍ അഷ്റഫ് കെ എന്നിവര്‍ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!