മനാമ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ബഹ്റൈന്‍ ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് ജനങ്ങളെ കൈപിടിച്ചുയര്‍ത്താനായി യുപിഎ സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുന്‍ യുപിഎ ചെയര്‍പേഴ്‌സന്‍ സോണിയ ഗാന്ധി എന്നിവരുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതിയാണിത്.
കഴിഞ്ഞ 11 വര്‍ഷമായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് സമാനമായ ഒരു പദ്ധതിയും അവതരിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നിയമം, ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ നിയമം തുടങ്ങിയ ജനോപകാര നിയമങ്ങള്‍ കൊണ്ടുവന്ന യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദി സര്‍ക്കാരിന് അവകാശപ്പെടാന്‍ ഒന്നുമില്ല.
പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് രാഷ്ട്രപിതാവിന്റെ പേരിനോട് വരെ ശത്രുത തീരാത്ത സംഘപരിവാര്‍ പകയുടെ ഭാഗമാണ്. ഈ പേരുമാറ്റല്‍ അജണ്ടകള്‍ക്കെതിരെ അതിശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ഐവൈസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ് ആവശ്യപ്പെട്ടു.









