റിഫ: ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ നടന്ന 15-ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് റിഫ സോൺ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. വിവിധ സെക്ടറുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച പോരാട്ടത്തിൽ 321 പോയിന്റുകൾ നേടി ഖലീഫ സെക്ടർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 249 പോയിന്റുകളുമായി സനദ് സെക്ടർ രണ്ടാം സ്ഥാനവും, 180 പോയിന്റുകൾ നേടി ഇസാ ടൗൺ സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 144 പോയിന്റുകളോടെ ഹമദ് ടൗൺ നാലാം സ്ഥാനത്തെത്തി.
കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ യൂണിറ്റ്, സെക്ടർ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയികളായ നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഒൻപത് കാറ്റഗറികളിലായി നടന്ന വൈവിധ്യമാർന്ന മത്സരങ്ങൾ പ്രവാസി മലയാളികളുടെ കലാ-സാഹിത്യ അഭിരുചികളെ വിളിച്ചോതുന്നതായിരുന്നു. രാവിലെ നടന്ന ഉദ്ഘാടന സെഷൻ ഐ.സി.എഫ് റിഫ റീജിയണൽ ഡെപ്യൂട്ടി പ്രസിഡന്റ് ഉമ്മർ ഹാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിവിധ സെക്ഷനുകളിൽ ഐ.സി.എഫ്, ആർ.എസ്.സി നാഷണൽ-സോൺ നേതാക്കൾ ആശംസകൾ അറിയിച്ചു സംസാരിച്ചു.
റാഷിദ് ഫാളിലിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി ഉളിക്കൽ പ്രമേയ പ്രഭാഷണം നടത്തി. ചടങ്ങിൽ മുഹമ്മദ് ഷബീർ സ്വാഗതം ആശംസിച്ചു. സോൺ നേതാക്കളായ നൈസൽ, സുഫൈർ സഖാഫി, സയ്യിദ് ജുനൈദ് തങ്ങൾ, സയ്യിദ് സ്വാലിഹ് തങ്ങൾ,ഷഫീക്, സിനാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അഷ്‌റഫ് ടി.കെ നന്ദി അറിയിച്ചു.









