മനാമ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കെഎംസിസി നടത്തുന്ന സേവനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളില്‍ ഒന്നാണ് കെഎംസിസിയെന്നും വടകര എംഎല്‍എ കെകെ രമ പറഞ്ഞു. ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യസേവനമാണ് കെഎംസിസി ലക്ഷ്യമിടുന്നതെന്ന് കെകെ രമ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിലുണ്ടാകുന്ന ഇടപെടലുകള്‍, ചികിത്സാ സഹായങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവയിലൂടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കും കൈത്താങ്ങാകാന്‍ കെഎംസിസിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസി സമൂഹം നാടിനോടുള്ള ഉത്തരവാദിത്വം എങ്ങനെ നിര്‍വഹിക്കണമെന്ന് കെഎംസിസി പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് രക്തദാന ക്യാമ്പുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് വലിയ ആശ്വാസമാണെന്നും എംഎല്‍എ പറഞ്ഞു. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംഘടനകള്‍ക്കും പ്രചോദനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
മെഗാ രക്തദാന ക്യാമ്പില്‍ ഇരുന്നൂറിലധികം സന്നദ്ധ പ്രവര്‍ത്തകരും രക്തദാതാക്കളും പങ്കെടുത്തു. സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചത്. ബഹ്റൈന്‍ കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് എപി ഫൈസല്‍ അധ്യക്ഷനായിരുന്നു.
ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, ഭാരവാഹികളായ റഫീഖ് തോട്ടക്കര, സലീം തളങ്കര, സഹീര്‍ കാട്ടാം വള്ളി, ഫൈസല്‍ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിലപ്പീടിക, നാസര്‍ എസ്‌കെ, ഹെല്‍ത് വിംഗ് കണ്‍വീനര്‍ ഉമ്മര്‍ കൂട്ടിലങ്ങാടി, ഒകെ കാസിം പികെ ഇസ്ഹാഖ്, കെആര്‍ ശിഹാബ്, അലി അഖ്ബര്‍, നൗക ബഹ്റൈന്‍ സെക്രട്ടറി അശ്വതി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെഎംസിസി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര സ്വാഗതവും ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ എന്‍കെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.









