മനാമ: പ്രവാസി മലയാളികളുടെ കലാസാംസ്‌കാരിക അഭിരുചികളെ ധാര്‍മ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) സംഘടിപ്പിച്ച പതിനഞ്ചാമത് മുഹറഖ് സോണ്‍ പ്രവാസി സാഹിത്യോത്സവ് ഹൂറ ചാരിറ്റി ഹാളില്‍ വെച്ച് നടന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച കലാമേളയില്‍ മുഹറഖ് സോണിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 14 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 100ലധികം പ്രതിഭകള്‍ പങ്കെടുത്തു.
സാഹിത്യോത്സവില്‍ കസിനോ സെക്ടര്‍ ഒന്നാം സ്ഥാനവും, ഗുദൈബിയ സെക്ടര്‍ രണ്ടാം സ്ഥാനവും, ഹിദ്ദ് സെക്ടര്‍ മൂന്നാം സ്ഥാനവും നേടി. ആര്‍എസ്സി മുഹറഖ് സോണ്‍ ചെയര്‍മാന്‍ അജ്മല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ബഹ്റൈന്‍ യുവ സാഹിത്യകാരന്‍ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി രിസാല സബ് എഡിറ്റര്‍ മുഹമ്മദ് വിപികെ സന്ദേശ പ്രഭാഷണം നടത്തി. ഐസിഎഫ് ഐസി ഡെപ്യൂട്ടി പ്രസിഡന്റ് സൈനുദ്ധീന്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി.
ഐസിഎഫ് നാഷണല്‍ സെക്രട്ടറി അഷ്റഫ് സിഎച്ച് വിജയികളെ പ്രഖ്യാപിച്ചു. ഇര്‍ഷാദ് തെന്നട, നിസാര്‍ കൊല്ലം, മമ്മൂട്ടി മുസ്ലിയാര്‍, സമദ് കാക്കടവ്, റഹീം സഖാഫി, ശാഫി വെളിയംകോട്, മന്‍സൂര്‍ അഹ്സനി, ഹംസ പുളിക്കല്‍, അബ്ദുള്ള രണ്ടത്താണി, അഷ്‌റഫ് മങ്കര, ജാഫര്‍ ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സോണ്‍ സാഹിത്യോത്സവ് കണ്‍വീനര്‍ മുഹമ്മദ് സുഫ്യാന്‍ സ്വാഗതവും കലാലയം സെക്രട്ടറി സാലിഹ് കൊടുവള്ളി നന്ദിയും പറഞ്ഞു.









