മനാമ: ‘മനുഷ്യര്‍ക്കൊപ്പം’ ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഐസിഎഫ് സംഘടിപ്പിക്കുന്ന സെന്റിനറി സന്ദേശ പ്രചരണ ക്യാമ്പയിന് ബഹ്‌റൈനില്‍ തുടക്കമായി. കര്‍മരംഗത്ത് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമസ്ത സെന്റിനറിയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തും മറ്റും ഒട്ടനവധി നൂതന പദ്ധതികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.
പ്രസ്ഥാനത്തിന്റെ പ്രവാസഘടകമായ ഐസിഎഫ് നേതൃത്വത്തില്‍ സെന്റിനറി കാലയളവില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി വിളംബരം, ഉണര്‍ത്തു യാത്ര, ജനസമ്പര്‍ക്കം, ലഘുലേഖ വിതരണം, ചരിത്ര പഠനം, പ്രഭാഷണങ്ങള്‍, സ്‌നേഹ സംഗമങ്ങള്‍ എന്നിവ നടക്കും. ബഹ്‌റൈനിലെ എട്ട് റീജിയന്‍ കമ്മിറ്റികളുടെ നേത്യത്വത്തില്‍ നടക്കുന്ന ഉണര്‍ത്തു ജാഥക്ക് 42 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന കേരള യാത്രയുടെ സമാപന ദിനമായ ജനുവരി 16 വെള്ളിയാഴ്ച വിപുലമായ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. സല്‍മാനിയ കെ സിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
മനാമ, മുഹറഖ്, ഗുദൈബിയ, ഉമ്മുല്‍ ഹസം, സല്‍മാബാദ്, ഇസാ ടൗണ്‍, റിഫ, ഹമദ് ടൗണ്‍ എന്നീ കേന്ദ്രങ്ങളില്‍ നടന്ന കാമ്പയിന്‍ വിളംബര സംഗമങ്ങള്‍ക്ക് കെസി സൈനുദ്ധീന്‍ സഖാഫി, കെകെ അബൂബക്കര്‍ ലത്വീഫി, അഡ്വ. എംസി അബ്ദുല്‍ കരീം, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി, എന്നിവര്‍ നേതൃത്വം നല്‍കി.









