മനാമ: 4 ലക്ഷം ദിനാര്‍ വിലമതിക്കുന്ന കൊക്കെയ്നുമായി വിദേശ പൗരന്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റില്‍. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന്റെ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റാണ് 32 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്ന് കിലോഗ്രാമിലധികം കൊക്കെയ്നാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. വിസിറ്റ് വിസയില്‍ ബഹ്റൈനിലേക്ക് എത്തിയതാണ് യുവാവ്. പിടിച്ചെടുത്ത മയക്കുമരുന്ന് സുരക്ഷിതമാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ സ്വീകരിച്ചു.
മയക്കുമരുന്ന് കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ശ്രമങ്ങള്‍ ബഹ്റൈന്‍ തുടരുന്നതിനിടെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം ആദ്യം 7 ദശലക്ഷത്തിലധികം മൂല്യമുള്ള ഏകദേശം 1.4 ടണ്‍ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2322 മയക്കുമരുന്ന് കേസുകള്‍ കോടതികളിലേക്ക് കൈമാറിയിട്ടുണ്ട്.









