മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്‌റൈന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ 2025-2026 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിഫയില്‍ ചേര്‍ന്ന ഏരിയ കണ്‍വെന്‍ഷനില്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. ബേസില്‍ നെല്ലിമറ്റം (പ്രസിഡന്റ്), റോണി റോയ് (സെക്രട്ടറി), ഇഹ്സാന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന ടീമാണ് വരും വര്‍ഷത്തെ ഏരിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
മണികുട്ടന്‍ വൈസ് പ്രസിഡന്റായും, നിലീജ് നിസാര്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ഓരോ പ്രവര്‍ത്തന വര്‍ഷവും ഊര്‍ജ്ജസ്വലരായ ഭാരവാഹികള്‍ക്ക് അവസരം നല്‍കുന്ന ഐവൈസിസിയുടെ ജനാധിപത്യപരമായ അച്ചടക്കം റിഫയിലും പ്രകടമായി. ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി നൗഫല്‍, യൂനസ്, നാസര്‍, ഇര്‍ഫാദ്, ജോബി, സരുണ്‍ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.
കൂടാതെ, ദേശീയ കമ്മിറ്റിയില്‍ റിഫാ ഏരിയയെ പ്രതിനിധീകരിക്കുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങളായി നിതീഷ് ചന്ദ്രന്‍, അലന്‍ ഐസക്ക്, തസ്ലിന്‍ തെന്നാടന്‍ എന്നിവരെയും നിശ്ചയിച്ചിട്ടുണ്ട്. 2025-2026 വര്‍ഷത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
റിഫാ മേഖലയിലെ പ്രവാസികള്‍ക്കായി സജീവമായി ഇടപെടാനും, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഈ കമ്മിറ്റി മുന്നിട്ടിറങ്ങും. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമെന്ന് പുതിയ ഭാരവാഹികള്‍ വ്യക്തമാക്കി.









