മനാമ: മുസ്ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെഎംസിസി ബഹ്റൈന്‍ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റ് സീസണ്‍ 2 ജനുവരി 10 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മനാമയിലെ കെഎംസിസി ഹാളില്‍ നടക്കും. അര്‍ജുന്‍ ചെസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
യുവതലമുറയില്‍ ചെസിനോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കുക, മത്സരാത്മക മനോഭാവം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അണ്ടര്‍18 ജൂനിയര്‍ റാപ്പിഡ് (FIDE Rated), അണ്ടര്‍10 കിഡ്സ് റാപ്പിഡ് (Non-Rated) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ചെസ് മത്സരത്തിനൊപ്പം മത്സരാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ക്വിസ് പ്രോഗ്രാം, ഒപ്പന, കളരിപ്പയറ്റ്, കോല്‍ക്കളി തുടങ്ങിയ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും.
ഓരോ വിഭാഗത്തിലും ടോപ്പ് 10 സ്ഥാനങ്ങള്‍ നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് ട്രോഫിയും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കുന്നവരെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള അവലോകന യോഗത്തില്‍ വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷ്‌ക്കര്‍ വടകര അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം, ട്രഷറര്‍ റഫീഖ് പുളിക്കൂല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, വൈസ് പ്രസിഡന്റുമാരായ ഷൈജല്‍, ഹനീഫ്, അന്‍വര്‍ വടകര, ഫാസില്‍, സെക്രട്ടറിമാരായ ഫൈസല്‍ മടപ്പള്ളി, മുനീര്‍, നവാസ്, ഫൈസല്‍ വടകര എന്നിവരും, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളീകുളങ്ങര, വൈസ് പ്രസിഡന്റ് അസ്ലം വടകര, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖ്, സെക്രട്ടറി മുനീര്‍ ഒഞ്ചിയം എന്നിവര്‍ പങ്കെടുത്തു.









