മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യ കോൺഗ്രസ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ, 2026-2027 വർഷത്തെ പുതിയ ദേശീയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2026 ജനുവരി 16 വെള്ളിയാഴ്ച സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്ന് ഉച്ചയ്ക്ക് 2:30-ന് ദേശീയ എക്സിക്യൂട്ടീവ് യോഗവും വൈകിട്ട് 5:00-ന് തിരഞ്ഞെടുപ്പ് യോഗവും നടക്കും.
മനാമ, മുഹറഖ്, ട്യൂബ്ലി-സൽമാബാദ്, സൽമാനിയ, റിഫ, ബുദയ്യ, ഗുദൈബിയ-ഹൂറ, ഹിദ്-ആറാദ്, ഹമദ് ടൗൺ എന്നീ ഒമ്പത് ഏരിയകളിലും ഏരിയ തലത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് സംഘടന ദേശീയ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത് എന്ന് ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, മുൻ ദേശീയ ഭാരവാഹികൾ ഉൾപ്പെടുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ വ്യക്തമാക്കി. ജനാധിപത്യപരമായ രീതിയിൽ ഓരോ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് വരും വർഷത്തെ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുക.
ബഹ്‌റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ പതിമൂന്ന് വർഷമായി സജീവമായ ഐ.വൈ.സി.സി, കേവലം ഒരു സംഘടന എന്നതിലുപരി പ്രവാസി വിഷയങ്ങളിൽ താങ്ങായി നിൽക്കുന്ന സേവന പ്രസ്ഥാനമാണ്. തൊഴിൽ പ്രശ്നങ്ങൾ, വിമാനയാത്രാ നിരക്ക് വർദ്ധനവ് തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികൾക്കായി ശബ്ദമുയർത്തുന്നതിനൊപ്പം തന്നെ രക്തദാന ക്യാമ്പുകൾ, മെഡിക്കൽ സഹായം, നിയമസഹായം, വനിത ശാക്തീകരണ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ലാൽസൺ സ്മാരക ഭവന പദ്ധതി എന്നിവയും സംഘടനയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കൂടാതെ മലയാളി തനിമ നിലനിർത്തുന്നതിനായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും കുട്ടികൾക്കായുള്ള മത്സരങ്ങളും ഏറെ ശ്രദ്ധയാകർഷിക്കാറുണ്ട്.
2025-2026 വർഷത്തെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്. പുതിയ ദേശീയ കമ്മിറ്റി നിലവിൽ വരുന്നതോടെ പ്രവാസി ക്ഷേമത്തിനായി കൂടുതൽ വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.









