മനാമ: ചൈല്‍ഡ്‌കെയര്‍ നഴ്സറികള്‍ക്കുള്ള നിയമങ്ങള്‍ ബഹ്റൈന്‍ കര്‍ശനമാക്കുന്നു. ചൈല്‍ഡ് നിയമപ്രകാരം ചൈല്‍ഡ്‌കെയര്‍ നഴ്സറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും നഴ്സറികള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഷൂറ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച കരട് നിയമം ബഹ്റൈനിലെ പ്രതിനിധി കൗണ്‍സില്‍ അടുത്ത ചൊവ്വാഴ്ച ചര്‍ച്ച ചെയ്യും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നഴ്സറിയുടെ ലൊക്കേഷന്‍, മാനേജ്മെന്റ്, സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ മാറ്റങ്ങളോ പരിഷ്‌ക്കരണങ്ങളോ വരുത്താന്‍ പാടില്ലെന്ന് കരട് നിയമം അനുശാസിക്കുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 1,000 ബഹ്റൈന്‍ ദിനാര്‍ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും.
നിലവിലെ ചൈല്‍ഡ് നിയമ (2012 ലെ നിയമം നമ്പര്‍ 37) പ്രകാരം നഴ്സറി സ്ഥാപിക്കുന്നതിന് ലൈസന്‍സിംഗ് നിര്‍ബന്ധമല്ല. നിലവിലുള്ള ഒരു നഴ്സറി നടത്തുന്നതിനോ ലൊക്കേഷന്‍ മാറ്റുമ്പോഴോ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. ലൈസന്‍സില്ലാത്ത നഴ്സറി പ്രവര്‍ത്തനങ്ങളോ അനധികൃത മാറ്റങ്ങളോ കുറ്റകരമാക്കിക്കൊണ്ട് ഈ വിടവുകള്‍ പരിഹരിക്കുന്നതിനാണ് നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ലക്ഷ്യമിടുന്നത്.
നഴ്സറികളെ നിയന്ത്രിക്കുന്നതിലും മേല്‍നോട്ടം മെച്ചപ്പെടുത്തുന്നതിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പങ്ക് ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കരട് നിയമം എടുത്തുകാണിക്കുന്നു. നിലവിലുള്ള നിയമങ്ങളിലെ പോരായ്മകള്‍ കരട് നിയമം വ്യക്തമായി പരിഹരിക്കുന്നുവെന്നും നഴ്സറികള്‍ക്കായുള്ള നിയന്ത്രണ, നിരീക്ഷണ ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ നിയമം അംഗീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയവും നിര്‍ദ്ദിഷ്ട ഭേദഗതികളെ സ്വാഗതം ചെയ്തു.









