മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റ് 2025-26’-ന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഒഐസിസി ടീം ചാമ്പ്യന്മാരായി. ആലിയിലെ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനലിൽ R3 വാരിയേഴ്സിനെ പരാജയപ്പെടുത്തിയാണ് ഒഐസിസി കിരീടം ചൂടിയത്. ഹാർഡ് ടെന്നീസ് ബോളിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ബഹ്‌റൈനിലെ എട്ട് പ്രമുഖ ടീമുകൾ മാറ്റുരച്ചു.
വിജയികൾക്കുള്ള ട്രോഫി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം സമ്മാനിച്ചു. റണ്ണറപ്പായ R3 വാരിയേഴ്സിനുള്ള ട്രോഫി ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം കൈമാറി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നിതിൻ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരങ്ങൾ കരസ്ഥമാക്കി. മനു മാത്യു, അഷ്റഫ് പുതിയപാലം എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ട ബിച്ചുവിന് കെ.പി കുഞ്ഞമ്മദ് ട്രോഫി സമ്മാനിച്ചു.
ടൂർണമെന്റ് കൺവീനർമാരായ അഷ്‌റഫ് പുതിയപാലം, ഷൈജാസ് ആലോക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗഫൂർ ഉണ്ണികുളം, ഷമീം കെ.സി, ശ്രീജിത്ത് പനായി, ബിനു കുന്നന്താനം, മനു മാത്യു, രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ബിജു ബാൽ സി.കെ, ബൈജു ചെന്നിത്തല, അഷ്റഫ് പുതിയപാലം, ഷൈജാസ്, വാജിദ് എം, റഷീദ് മുയിപ്പോത്ത്, കെ.പി. കുഞ്ഞമ്മദ്, സുബിനാസ്, വിൻസന്റ് കക്കയം, പ്രബുൽദാസ്, അസീസ് ടി.പി, ബിജു കൊയിലാണ്ടി, അനിൽ കൊടുവള്ളി, സലാം മുയിപ്പോത്ത് എന്നിവർ സംബന്ധിച്ചു. കോഴിക്കോട് ഫെസ്റ്റിന്റെ ഭാഗമായി വരും ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.









