ന്യൂഡൽഹി: ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ വിവിധ അറബ് രാജ്യങ്ങളിലെ മന്ത്രിമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ, വിവിധ പ്രതിനിധി സംഘത്തലവന്മാർ എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ജനകീയ ബന്ധത്തെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സ്മരിച്ചു. ഈ സാംസ്കാരികവും ചരിത്രപരവുമായ അടിത്തറയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇന്നും ഊർജ്ജസ്വലമായി നിലനിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വരും വർഷങ്ങളിൽ ഇന്ത്യ-അറബ് പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി അവതരിപ്പിച്ചു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇരുഭാഗത്തെയും ജനങ്ങളുടെ ക്ഷേമത്തിനായി ഈ പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ പ്രധാനമന്ത്രി യോഗത്തിൽ ആവർത്തിച്ചു. ഗസ്സ സമാധാന പദ്ധതി ഉൾപ്പെടെ മേഖലയിൽ നിലവിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ അറബ് ലീഗ് വഹിക്കുന്ന നിർണ്ണായക പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അറബ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.









