മനാമ: പ്രശസ്ത പിന്നണി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീത-നൃത്ത സന്ധ്യയുമായി ബഹ്‌റൈൻ കേരളീയ സമാജം (BKS). ഫെബ്രുവരി 12 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് സെഗയ്യയിലെ ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.
മലയാളികളുടെ പ്രിയ ഗായകൻ രവിശങ്കറിനൊപ്പം വിജേഷ് ഗോപാൽ, ചിത്ര അരുൺ, വിഷ്ണു അശോക് എന്നിവരും അണിനിരക്കുന്ന ഗാനമേള പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടാണ് ഈ കലാസന്ധ്യക്ക് നേതൃത്വം നൽകുന്നത്.
കേവലം ഒരു വിനോദപരിപാടി എന്നതിലുപരി, സാംസ്കാരിക ഐക്യത്തിന്റെയും കലയുടെയും സംഗമവേദിയായി ഈ സന്ധ്യ മാറുമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സമാജം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ സംഗീത വിരുന്നിൽ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചു. പ്രവാസി സമൂഹത്തിന് ഏറെക്കാലം ഓർത്തിരിക്കാവുന്ന ഒരു മികച്ച അനുഭവമായിരിക്കും ഈ പരിപാടിയെന്നും അവർ കൂട്ടിച്ചേർത്തു.









