ദുബായ്: യുഎഇ അനുവദിക്കുന്ന ദീര്‍ഘകാല ഗോള്‍ഡ് കാര്‍ഡ് വിസകള്‍ നിക്ഷേകര്‍ക്കും വിദഗ്ധര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും ഉയര്‍ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് കൂടി ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ബിരുദമോ തതുല്യമായ വിദ്യാഭ്യാസ യോഗ്യതയോ ആണ് ഒന്നാമത്തെ മാനദണ്ഡം. ഇതിന് പുറമെ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും സാധുതയുള്ള തൊഴില്‍ കരാറുമുണ്ടായിരിക്കണം. ഇവയോടൊപ്പം പ്രതിമാസം 30,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളം കൂടിയുണ്ടെങ്കില്‍ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് അപേക്ഷിക്കാം.
നിശ്ചിത യോഗ്യതകള്‍ പാലിക്കുകയും താമസകാര്യ മന്ത്രാലയം നിജപ്പെടുത്തിയിരിക്കുന്ന പരിധിക്ക് മുകളില്‍ മാസവരുമാനമുള്ളവര്‍ക്കും ദീര്‍ഘകാല വിസ ലഭിക്കും. കുടുംബത്തിനും ഈ വിസയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. വലിയ ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച വിദഗ്ധര്‍ക്കും അതിസമര്‍ദ്ധരായ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് യുഎഇ നേരത്തെ ഗോള്‍ഡ് കാര്‍ഡ് വിസകള്‍ പ്രഖ്യാപിച്ചിരുന്നത്. ഉയര്‍ന്ന വരുമാനക്കാരായ വിദേശികള്‍ക്ക് കൂടി ഗോള്‍ഡ് കാര്‍ഡ് വിസയ്ക് അപേക്ഷിക്കാമെന്ന് അധികൃതര്‍ ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.