മനാമ: 2019 മുതൽ 2024 വരെയുള്ള കാലയളവിൽ ശബരിമലയിൽ നടന്നത് ലോകം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു. ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ‘ഹർഷം 2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നാമനിർദ്ദേശം ചെയ്ത വ്യക്തികൾ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളുമായിരുന്ന കാലത്താണ് ഈ അഴിമതി നടന്നത്. പത്തനംതിട്ട സ്വദേശിയായ ജഡ്ജി ജയകൃഷ്ണൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് ഈ കൊള്ള പുറംലോകം അറിഞ്ഞത്. പ്രതികൾക്ക് കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാതെ സ്വാഭാവിക ജാമ്യം ലഭിക്കാൻ സർക്കാർ സൗകര്യമൊരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭാരതത്തിന്റെ പരമാധികാരം ഇന്ന് വിദേശശക്തികൾക്ക് അടിയറവ് വെച്ചിരിക്കുകയാണ്. ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവർ കാത്തുസൂക്ഷിച്ച അന്താരാഷ്ട്ര അംഗീകാരം ഇന്ന് നഷ്ടമായി. പാർലമെന്റിൽ പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കാത്ത ഭീതിജനകമായ ഫാസിസ്റ്റ് സാഹചര്യമാണ് രാജ്യത്തുള്ളതെന്നും പഴകുളം മധു പറഞ്ഞു. കേരളത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേടിയ തിളക്കമാർന്ന വിജയം പ്രവർത്തകരുടെ ഒത്തൊരുമയുടെ ഫലമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുവജനങ്ങൾക്കിടയിൽ പ്രതീക്ഷ നഷ്ടപ്പെട്ട സമൂഹമായി കേരളം മാറുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഹർഷം 2026 ചെയർമാൻ സൈദ് എം.എസ് ആമുഖ പ്രഭാഷണവും ജനറൽ കൺവീനർ ജീസൺ ജോർജ് സ്വാഗതവും ആശംസിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, സി.പി വർഗീസ്, ബിനു കുന്നന്താനം, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായി ലെനി പി. മാത്യു, ലൈജു പി. മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ഇൻ ചാർജ് ശോഭ സജി നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനർ ബിബിൻ മാടത്തേത്ത്, ബിനു കോന്നി, ഷാജി തോമസ് തിരുവല്ല തുടങ്ങിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. ഔറ ആർട്സിന്റെ ബാനറിൽ മനോജ് മയ്യന്നൂർ ആണ് ‘ഹർഷം 2026’ സംവിധാനം നിർവഹിച്ചത്.









