മനാമ: ബഹ്റൈനും യുഎഇക്കുമിടയില്‍ സിംഗിള്‍-പോയിന്റ് യാത്രാ സംവിധാനത്തിന്റെ ആദ്യ ഘട്ടം ഔദ്യോഗികമായി ആരംഭിച്ചു. ഈ പുതിയ സംവിധാനത്തിലൂടെ യാത്രക്കാര്‍ ഒന്നിലധികം തവണ യാത്രാ പരിശോധനയ്ക്ക് വിധേയരാകുന്നതിന് പകരം ഒരിക്കല്‍ മാത്രം യാത്രാ പരിശോധന നടത്തിയാല്‍ മതി. ഇത് കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രാ പ്രക്രിയ സുഗമമാക്കുകയും ചെയ്യും.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ആദ്യ ഘട്ടത്തില്‍ സിംഗിള്‍-പോയിന്റ് യാത്രാ സംവിധാനം നടപ്പാക്കിയത്. നിലവില്‍ ഗള്‍ഫ് എയര്‍, എത്തിഹാദ് എയര്‍വേയ്സ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.
പരീക്ഷണ കാലയളവിനുശേഷം, ഇത് എത്രത്തോളം പ്രവര്‍ത്തിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്ത് പിന്നീട് മറ്റു വിമാനത്താവളങ്ങളിലേക്കും എയര്‍ലൈനുകളിലേക്കും വികസിപ്പിക്കണോ എന്ന് തീരുമാനിക്കും. അതിര്‍ത്തി സംയോജനം ശക്തിപ്പെടുത്തുന്നതിനും ഏകീകൃത യാത്രാ ചട്ടക്കൂട് വികസിപ്പിക്കുന്നതിനുമുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ബഹ്റൈനും യുഎഇയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധവും ഇത് കാണിക്കുന്നു.









