മനാമ: സ്വകാര്യ മേഖലയുമായി സഹകരിച്ച് ബഹ്‌റൈനില്‍ ചെലവ് കുറഞ്ഞ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എംപിമാര്‍. പൗരന്മാരില്‍ നിന്നും താമസക്കാരില്‍ നിന്നും വര്‍ധിച്ചു വരുന്ന ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് എംപിമാരുടെ നിര്‍ദേശം.
മുഹമ്മദ് അല്‍ ഒലൈവിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്ര ചെയ്യാനാ സാധിക്കുന്ന വിമാനകമ്പനി സ്ഥാപിക്കാനുള്ള അടിയന്തര നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് അല്‍ ഒലൈവി.
ഒരു പ്രാദേശിക വ്യോമയാന കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണെന്ന് അല്‍ ഒലൈവി പറഞ്ഞു. ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറുമായി മത്സരിക്കാത്ത ചെലവ് കുറഞ്ഞ കാരിയര്‍ ആരംഭിക്കുക എന്നതാണ് നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









