മനാമ: പരിസ്ഥിതി സുസ്ഥിരതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ICRF) ബഹ്‌റൈനും ദി ഏഷ്യൻ സ്കൂളും സംയുക്തമായി കർബാബാദ് ബീച്ചിൽ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ട് നടത്തിയ ഈ സംരംഭത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ഐ.സി.ആർ.എഫ് വോളന്റിയർമാരും അടക്കം 120-ഓളം പേർ സജീവമായി പങ്കെടുത്തു.
കടൽതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, മറ്റ് അഴുകാത്ത വസ്തുക്കൾ എന്നിവ പങ്കെടുത്തവർ നീക്കം ചെയ്തു. കേവലം ഒരു ശുചീകരണ പരിപാടി എന്നതിലുപരി, സമുദ്ര പരിസ്ഥിതിയിൽ മലിനീകരണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ശാസ്ത്രീയമായ മാലിന്യ നിർമ്മാർജനത്തിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാനുള്ള ഒരു വിദ്യാഭ്യാസാനുഭവം കൂടിയായി ഈ പരിപാടി മാറി.
യുവതലമുറയിൽ പരിസ്ഥിതി അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഐ.സി.ആർ.എഫ്, ഏഷ്യൻ സ്കൂൾ പ്രതിനിധികൾ സംസാരിച്ചു. ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് അവർ വ്യക്തമാക്കി. ഗൾഫ് സിറ്റി ക്ലീനിംഗ് കമ്പനി ശുചീകരണത്തിനാവശ്യമായ ഗ്ലൗസുകൾ, ബാഗുകൾ എന്നിവ നൽകിയും മാലിന്യങ്ങൾ നീക്കം ചെയ്തും പരിപാടിയിൽ സഹകരിച്ചു.
ഐ.സി.ആർ.എഫിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും പരിസ്ഥിതി സംരക്ഷണത്തിനായുള്ള കൂട്ടായ പരിശ്രമങ്ങളുടെയും പ്രതിഫലനമാണ് ഈ ശുചീകരണ ക്യാമ്പയിനെന്ന് ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ് അറിയിച്ചു.









