വാഷിംഗ്ടൺ/ടെഹ്‌റാൻ (റോയിട്ടേഴ്‌സ്): പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേൽ ‘പ്രതിരോധ ആക്രമണം’ (Pre-emptive strike) ആരംഭിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ തടയാനാണ് ഈ നീക്കമെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിന് പിന്നാലെ, ഇറാനെതിരെ ‘വൻ സൈനിക നീക്കം’ (Major combat operation) ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. ദശാബ്ദങ്ങളായി തുടരുന്ന ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം ഇതോടെ പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും പുതിയ ആക്രമണത്തോടെ ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിലൂടെയുള്ള പരിഹാര സാധ്യതകൾ മങ്ങി. ഈ വർഷം ഫെബ്രുവരിയിൽ ചർച്ചകൾ പുനരാരംഭിക്കുകയും ഈ ആഴ്ച പോലും ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ചർച്ചകളെല്ലാം നിഷ്ഫലമായെന്നാണ് നിലവിലെ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ജൂണിൽ ഇറാനുമായി 12 ദിവസം നീണ്ടുനിന്ന വ്യോമയുദ്ധത്തിന് ശേഷം മേഖലയിൽ രൂപപ്പെട്ട താൽക്കാലിക സമാധാനമാണ് ഇതോടെ തകർന്നിരിക്കുന്നത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള ദീർഘകാല തർക്കമാണ് നിലവിലെ യുദ്ധസാഹചര്യത്തിലേക്ക് നയിച്ചത്.
യുഎസ്-ഇസ്രായേൽ സംയുക്ത നീക്കം മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെ എപ്രകാരം ബാധിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്. ആക്രമണത്തിന്റെ ആഘാതം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.









