മനാമ: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്‌റൈന്റെയും അയൽരാജ്യങ്ങളുടെയും വ്യോമപാതകൾ അടച്ച സാഹചര്യത്തിൽ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളിൽ മാറ്റമുണ്ടാകുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു. വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ, റദ്ദാക്കുകയോ അല്ലെങ്കിൽ സമയം പുനക്രമീകരിക്കുകയോ ചെയ്തേക്കാം.
നിലവിലെ സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി വിമാനക്കമ്പനികളുമായും പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായും ഏകോപനം നടത്തിവരികയാണ്. എല്ലാ സാഹചര്യങ്ങളിലും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി അതാത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയവിവരങ്ങളും റീബുക്കിംഗ് സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇത് യാത്രാ തടസ്സങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കും.
ഔദ്യോഗിക ചാനലുകൾ വഴി കൃത്യമായ ഇടവേളകളിൽ പുതിയ വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ അഫയേഴ്‌സ് കൂട്ടിച്ചേർത്തു.









