മനാമ: പ്രവാസി മലയാളികളുടെ സിനിമാ സൗഹൃദ കൂട്ടായ്‌മയായ ‘ടീം സിനി മങ്ക്സ്’ പുറത്തിറക്കിയ കൊതിയൻ എന്ന ഷോർട്ട് ഫിലിമിന്റെ പ്രിവ്യൂ ഷോ ഇക്കഴിഞ്ഞ ജൂൺ 21 ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ബാങ് സാങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പത്തോളം പ്രവാസി കുട്ടികളെ ഉൾപ്പെടുത്തി കാലിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്ത 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിനെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
പ്രവാസി മലയാളിയായ അരുൺ പോൾ എഴുതി സംവിധാനം നിർവഹിച്ച ‘കൊതിയൻ’ ഡൽഹിയിൽ വെച്ച് നടന്ന ഒൻപതാമത് ദാദാ സാഹേബ് ഫിലിം ഫെസ്റ്റിവൽ (special festival mention award), കൽക്കത്ത ഇന്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവൽ (outstanding achievement award ) അടക്കം ആറോളം ഫിലിം ഫെസ്റ്റിവലുകളിൽ ഇതിനോടകം തന്നെ പ്രദർശിപ്പിച്ച് കഴിഞ്ഞു.ഷോർട്ട് ഫിലിമിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് അരുൺ പോൾ തന്നെയാണ്. കോൺവെക്‌സ് മീഡിയയുടെ സഹകരണത്തോടെ ഒരുക്കിയ ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഗോപൻ ടി ജി,ബിജു ജോസഫ് എന്നിവർ ചേർന്നാണ്.
അനന്തു എന്ന കുട്ടികൊതിയന്റെ വികാര വിചാരങ്ങളിലൂടെ സഞ്ചരിക്കുന്ന കൊച്ചു സിനിമ പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.പ്രസക്തമായൊരു വിഷയത്തെ മനോഹരമായി അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് ആശംസകൾ നേർന്ന മുഖ്യാതിഥിയും സിനിമാ താരവുമായ ശ്രീ ആന്റണി വർഗ്ഗീസ് (പെപ്പെ) കുട്ടിക്കുറുമ്പുകളെ പ്രത്യേകം വിളിച്ച് അഭിനന്ദിക്കുകയും ഉണ്ടായി. കൊതിയൻ എന്ന ചിത്രത്തിനും ടീം സിനി മങ്ക്സിനും ആശംസയർപ്പിച്ചു ശ്രീമതി നിർമ്മല ടീച്ചർ , അജിത് നായർ , രേഖ ഉത്തം എന്നിവർ സംസാരിച്ചു.
സിനി മങ്ക്‌സ് ന്റെ വരുംകാല പ്രോജക്ടുകളായ രഞ്ജീഷ് മുണ്ടയ്ക്കൽ സംവിധാനം ചെയ്യുന്ന ‘ജാൻവി’ എന്ന ഹൃസ്വചിത്രത്തിന്റെ ട്രെയ്‌ലർ റിലീസും ഉടൻ ചിത്രീകരണം ആരംഭിക്കുന്ന അരുൺ ആർ പിള്ള സംവിധാനം നിർവഹിച്ചു ചലച്ചിത്ര താരങ്ങളായ ശ്രീമതി ജയമേനോൻ, ശ്രീ പ്രകാശ് വടകര എന്നിവർ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ‘ക്ലൗഡ്’ എന്ന ഹൃസ്വ ചിത്രത്തിന്റെ പോസ്റ്റർ റിലീസും രെമു രമേശ് സംവിധാനം ചെയ്യുന്ന ‘യു’എന്ന ഹൃസ്വ ചിത്രത്തിന്റെ സ്ക്രിപ്റ്റ് കൈമാറ്റവും ഇതേ ചടങ്ങിൽ വെച്ചു നടന്നു.