ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി ലുലു ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ യൂസഫലി എം.എ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിലവിലെ ആഗോള വെല്ലുവിളികൾക്കിടയിലും ഗൾഫ് മേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇതുവരെ 15,000 ടൺ ഭക്ഷ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്നും ഗൾഫിലെത്തിച്ചത്. ഇതിനായി 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ വിതരണം തുടരുമെന്ന് യൂസഫലി അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിൻ്റെ സ്വന്തം സംഭരണ-കയറ്റുമതി കേന്ദ്രങ്ങൾ വഴിയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഗൾഫിൽ വലിയ സ്വീകാര്യതയുണ്ടെന്നും ചരക്ക് നീക്കം സുഗമമാക്കുന്നതിലൂടെ ഇന്ത്യൻ കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ ഗുണമുണ്ടാകുമെന്നും കൂടിക്കാഴ്ചയിൽ വിലയിരുത്തി. ലുലു ഗ്രൂപ്പിന്റെ ഈ നീക്കങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്ക് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.









