മനാമ: ഇറാനുമായി സഹകരിക്കുന്ന തീവ്രവാദ സെല്ലുകളുടെ ഭാഗമാണെന്ന് ആരോപിച്ച് 14 പേരെ ക്രിമിനല്‍ വിചാരണയ്ക്കായി കോടതിയിലേക്ക് അയച്ചതായി ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഹൈ ക്രിമിനല്‍ കോടതിയില്‍ നാല് വ്യത്യസ്ത കേസുകളിലായാണ് ഇവരുടെ വിചാരണ നടക്കുക.
പ്രതികളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കൂടാതെ, കുറ്റം ആരോപിക്കപ്പെട്ട ചിലര്‍ ഇറാനിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍, രാജ്യത്തിനെതിരായ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കല്‍, ഫണ്ടുകള്‍ സ്വീകരിക്കുകയും കൈമാറുകയും ചെയ്യല്‍, ദേശീയ പ്രതിരോധ രഹസ്യങ്ങള്‍ വെളിപ്പെടുത്തല്‍, പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റങ്ങള്‍.








