അടുത്ത വർഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദിൽ നടക്കും

റിയാദ്: അടുത്ത വർഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയിലെ റിയാദിൽ നടത്താൻ തീരുമാനമായി. അടുത്ത വർഷത്തെ പതിനഞ്ചാമത് ജി 20 ഉച്ചകോടി 2020 നവംബർ 21, 22 തീയതികളിലായാണ് നടക്കുക. ഈ വർഷം ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്തിരുന്നു. ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൽമാൻ രാജകുമാരൻ ചർച്ച നടത്തി. കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1,70,000 നിന്ന് രണ്ടു ലക്ഷമായി ഉയർത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചിരുന്നു. 2020 ൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ വേദി റിയാദ് കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ സെന്ററാണ്.