തിരുവനന്തപുരം: ബഹ്റൈനിലെ ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായിരുന്ന പ്രമുഖ മലയാളി പ്രവാസി ഡോക്ടർ ഡോ. പി. വി. ചെറിയാൻ അന്തരിച്ചു. അസുഖബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
1979 ഒക്ടോബറിൽ ബഹ്റൈനിലെത്തിയ അദ്ദേഹം രാജ്യത്തെ ആരോഗ്യമേഖലയിൽ 45 വർഷത്തിലേറെ സജീവ സേവനമനുഷ്ഠിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ (SMC) അപകട-അടിയന്തര വിഭാഗത്തിൽ (Accident & Emergency) ദീർഘകാലം ചീഫ് റെസിഡന്റായി പ്രവർത്തിച്ചു. വിദ്ഗ്ദ്ധമായ തൊഴിൽനൈപുണ്യവും രോഗികളോടുള്ള സമാനതകളില്ലാത്ത കരുതലുമൂലം സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും വലിയ ആദരവ് നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വൈദ്യസേവനത്തിനപ്പുറം പ്രവാസി സമൂഹത്തിന്റെ പൊതുജീവിതത്തിലും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. ബഹ്റൈനിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനമായ ‘ഇന്ത്യൻ സ്കൂൾ ബഹ്റൈൻ’ (ISB) ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഭരണപരമായ നവീകരണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
ജീവകാരുണ്യ രംഗത്തും സജീവമായിരുന്ന അദ്ദേഹം ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പിന്റെ പ്രസിഡന്റെന്ന നിലയിൽ കാൻസർ രോഗികൾക്കായുള്ള സഹായ പദ്ധതികൾ, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവ ഏകോപിപ്പിച്ചു. ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി ഉൾപ്പെടെയുള്ള പ്രമുഖ ആരോഗ്യ സംഘടനകളുമായി സഹകരിച്ചും നിരവധി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ നടത്തി.
ബഹ്റൈൻ രാജ്യം ആതിഥേയത്വം വഹിച്ച നിരവധി ദേശീയ-അന്തർദേശീയ പരിപാടികളിൽ ഔദ്യോഗിക മെഡിക്കൽ കോ-ഓർഡിനേറ്ററായിരുന്ന ഡോ. ചെറിയാൻ, ബഹ്റൈൻ രാജകുടുംബത്തിന്റെ പ്രത്യേക മെഡിക്കൽ സംഘത്തിലും അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മെഡിക്കൽ ടീമിലും അംഗമായിരുന്നു. ആരോഗ്യ-സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2024-ൽ ബഹ്റൈൻ സർക്കാർ അദ്ദേഹത്തിന് 10 വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു.
കേരളത്തിൽ ചികിത്സയിലിരിക്കെ അന്തരിച്ച ഡോ. പി. വി. ചെറിയാന്റെ വിയോഗത്തിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി.









