മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് നാല് പതിറ്റാണ്ടിലേറെക്കാലം താങ്ങും തണലുമായി നിലകൊണ്ട പ്രമുഖ ഫിസിഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ പ്രവാസി സമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഓർമ്മകൾ പുതുക്കുന്നതിനായി ബഹ്റൈൻ കേരളീയ സമാജവും (BKS) കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു.
സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതമാശംസിച്ചു. ബഹ്റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൾറഹ്മാൻ ഫക്രൂ, പ്രമുഖ ഡോക്ടർമാരായ ഡോ. അമൃജിത്ത് കൗർ സന്തു, ഡോ. പ്രഭുൽ വൈദ്യ, പ്രശസ്ത സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂറി, നരേന്ദ്രനാഥ് കപൂർ, ഡോ. ആശ (ആസ്റ്റർ മെഡിക്കൽസ്), കെ. ടി. സലിം, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കൾ, സമാജം മുതിർന്ന അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ച് അനുശോചനം രേഖപ്പെടുത്തി.
നാല് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഡോ. ചെറിയാന്റെ ആതുരസേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും യോഗത്തിൽ പങ്കെടുത്തവർ കൃതജ്ഞതയോടെ അനുസ്മരിച്ചു. സമയഭേദമന്യേ ആർക്കും എപ്പോഴും കടന്നുചെല്ലാൻ കഴിയുന്ന അപൂർവ്വ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ പ്രഭാഷകർ അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെയും വിസാ പ്രതിസന്ധിയിലായ തൊഴിലാളികളുടെയും ആരോഗ്യപ്രശ്നങ്ങളിൽ അദ്ദേഹം കാട്ടിയ കാരുണ്യം പ്രവാസലോകം ഒരിക്കലും മറക്കില്ലെന്നും, മനുഷ്യത്വത്തിന്റെയും സേവനസന്നദ്ധതയുടെയും ഉദാത്ത മാതൃകയായ അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് എന്നും വഴികാട്ടിയായിരിക്കുമെന്നും യോഗം വിലയിരുത്തി. ചടങ്ങിൽ വിവിധ തുറകളിലെ നിരവധി പ്രവാസികൾ പങ്കെടുത്തു.









