മനാമ: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ പിന്തുണയുള്ള ഹൂതി മിലിഷ്യ വീണ്ടും നടത്തിയ കുറ്റകരമായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ രാജ്യം ശക്തമായി അപലപിച്ചു. രണ്ടുദിവസത്തെ ഇടവേളയിൽ ഒരേ വിമാനത്താവളത്തെ ലക്ഷ്യമാക്കി നടന്ന ഈ ആക്രമണം മേഖലയിലെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രകോപനപരമായ പ്രവൃത്തിയാണെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം അക്രമങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ചട്ടങ്ങളുടെയും ഷിക്കാഗോ കൺവെൻഷന്റെയും കടുത്ത ലംഘനമാണ്.
സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ബഹ്‌റൈൻ, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും നിവാസികളുടെയും ജീവനും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നിയമപരമായ പ്രതിരോധ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരവും ജി.സി.സി സംയുക്ത പ്രതിരോധ കരാർ പ്രകാരമുള്ള സൗദിയുടെ സ്വയം പ്രതിരോധ അവകാശത്തെ ബഹ്‌റൈൻ എടുത്തുപറഞ്ഞു. സൗദിയുടെ സുരക്ഷ ബഹ്‌റൈന്റെയും മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സാധാരണക്കാർക്കും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ഹൂതി ആക്രമണങ്ങൾ തടയാൻ യു.എൻ രക്ഷാസമിതിയും ഐ.സി.എ.ഓയും അന്താരാഷ്ട്ര സമൂഹവും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെയും അവർക്ക് പിന്തുണ നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളായ 2216, 2817 എന്നിവ പൂർണ്ണമായി നടപ്പിലാക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.









