മനാമ: ബഹ്‌റൈനിലെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രിഫാ കൊട്ടാരത്തിൽ സ്വീകരിച്ചു.
വിവിധ മേഖലകളിലെ സഹകരണത്തിലൂടെ കരുത്താർജ്ജിച്ച ഇന്ത്യ-ബഹ്‌റൈൻ തന്ത്രപ്രധാനവും ചരിത്രപരവുമായ പങ്കാളിത്തത്തെ കൂടിക്കാഴ്ചയിൽ കിരീടാവകാശി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, ബഹ്‌റൈന്റെ വികസന മുന്നേറ്റത്തിൽ പ്രവാസി ഭാരതീയ സമൂഹത്തിന്റെ പങ്കിനെയും സംഭാവനകളെയും പ്രശംസിച്ചു.
ഇരുരാജ്യങ്ങൾക്കും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളും പ്രാദേശിക-അന്തർദേശീയ തലങ്ങളിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി. ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ കിരീടാവകാശി നൽകിയ പിന്തുണയ്ക്ക് അംബാസഡർ വിനോദ് കുര്യൻ ജേക്കബ് നന്ദി രേഖപ്പെടുത്തുകയും ബഹ്‌റൈന്റെ തുടർന്നുള്ള വളർച്ചയ്ക്കും സമൃദ്ധിക്കും ആശംസകൾ നേരുകയും ചെയ്തു.
ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.









