സരോദിൻറെ സ്വച്ഛസുന്ദരസ്വരവുമായി ഉസ്താദ് അംജദ് അലിഖാൻ ബഹ്റൈനിൽ; സൂര്യ ഫെസ്റ്റ് – ബികെഎസ് ബിസിനസ് ഐക്കൺ അവാർഡ് നൈറ്റ് ഇന്ന്(വ്യാഴം)

മനാമ: ലോകപ്രശസ്ത സരോദ് മാന്ത്രികന്‍ പത്മ വിഭൂഷണ്‍ ഉസ്താദ് അംജദ് അലിഖാൻ ബഹ്‌റൈനിൽ. ഇന്ന്(വ്യാഴം) വൈകിട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ബികെഎസ് ബിസിനസ് ഐക്കൺ അവാർഡ് നൈറ്റിൻറെ ഭാഗമായുള്ള സൂര്യ ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ബഹ്‌റൈനിൽ എത്തിയത്. വൈകിട്ട് 7:30 മുതൽ നടക്കുന്ന പരിപാടിയിൽ ഉസ്താദ് അംജദ് അലിഖാൻ സരോദ് വായിക്കും. വിദ്യാഭാസ സമ്പ്രദായങ്ങളും ആതുര സേവനാലയങ്ങളും വ്യാപകമായി കമ്പോളവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൂല്യച്യുതി വരാതെ സാഹോദര്യത്തോടെ ഏവരെയും ചേർത്ത് നിർത്താൻ കഴിയുന്ന ഒന്നായി മാറാൻ സംഗീതത്തിന് കഴിയണമെന്ന് ഉസ്താദ് പ്രത്യാശിച്ചു. ഇതിനായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ന് ലോകത്തു വ്യാപകമായി ഹിംസാത്മക പ്രവർത്തികൾ പെരുകുന്നു, ഇന്ത്യയിൽ തന്നെ ഇന്ന് ടി വി ചാനലുകൾ തുറന്നാൽ ഹിന്ദു-മുസ്ലിം എന്ന് കേൾക്കാതെ കടന്നു പോകാൻ കഴിയുന്നില്ല, രാഷ്ട്രീയത്തിന് വേണ്ടി മതം പറയുന്ന ഒരു കൂട്ടങ്ങൾക്കിടയിലൂടെയാണിന്നു നാം ജീവിച്ചു പോകുന്നത്, ജീവിതത്തിലും ചുറ്റുപാടിലും ശാന്തി നഷ്ടപ്പെടുന്ന അവസ്ഥയിൽ ജാതി-മത ചിന്തകൾക്ക് അതീതമായ ജീവിതത്തിലേ സ്നേഹമുണ്ടാവൂ. ഇതിനെല്ലാം അതീതമായ ഒന്നാണ് സംഗീതം, പൂക്കളും വായുവും വെള്ളവും അഗ്നിയും പോലെ ഒന്നാണ് സംഗീതം. സംഗീതത്തിന് ദേശാതിർത്തികളുമില്ല. എല്ലാ രാജ്യത്തെ സംഗീതവും അടിസ്ഥാനപരമായി ഏഴ് നോട്സിൽ അധിഷ്ഠിതമാണ്- ‘സരിഗമപധനി’. ഇത് പല ഭാഷകളിൽ പലതായി പറയുന്നു, പ്രകടിപ്പിക്കുന്നു. ഇത് ദൈവം സൃഷ്ടിച്ചതാണ്. നമ്മൾ അതിനെ വ്യത്യസ്തമായി ആവിഷ്കരിക്കുന്നു. ഓരോ സംസ്കാരത്തിനും അനുസരിച്ച് അത് ആസ്വദിക്കപ്പെടുന്നു. സംഗീതം ലോകത്തെ ഒരുമിപ്പിക്കുന്നു, സമന്വയിപ്പിക്കുന്നു. ബിഥോവൻ, മൊസാർട്ട്, ത്യാഗരാജസാമികൾ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ, സ്വാതിതിരുനാൾ എന്നിവരെ എല്ലാം ഒന്നായി കാണാനും ആസ്വദിക്കാനും കഴിയുന്നതിലൂടെ ലോകത്തെ തന്നെ ഒരുമിപ്പിക്കുകയാണ്. സംഗീതം വഴി ശാന്തിയുടെയും സാഹോദര്യത്തിന്റെയും സന്ദേശം എത്തിക്കാൻ കഴിയണം. നമ്മുടെ നാഡികളിലും ഞരമ്പുകളിലും അലിഞ്ഞു ചേർന്ന സംഗീതത്തെ പോലും സ്നേഹ സമ്പൂർണമായ സംസാരങ്ങളിലൂടെ ഉണർത്താൻ സാധിക്കും. ഞാൻ സംഗീതത്തിലൂടെ നൽകുന്ന സന്ദേശം അതാണ്” ഉസ്താദ് പറഞ്ഞു.

ഗ്വാളിയർ കൊട്ടാരത്തിലെ സംഗീതജ്ഞരായിരുന്ന തന്റെ പൂർവികരെ കുറിച്ചും സരോദ് വാദ്യോപകരണം രൂപപ്പെട്ട വഴികളെ കുറിച്ചും പഠനത്തിൽ വലിയ മികവ് പുലർത്താൻ കഴിയാതിരുന്ന ബാല്യത്തിൽ സംഗീതത്തോട് തോന്നിയ ഭ്രമങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന തന്റെ രണ്ടാം വീട് കേരളമാണെന്നും തിരുവനന്തപുരത്തു നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉസ്താദ് അംജദ് അലിഖാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്ൻറെ പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി താമസം പൂർണമായും കേരളത്തിലോട്ട് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇതിനായി കേരള ഗവണ്മെന്റ് എലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പത്മവിഭൂഷൺ ഉസ്താദ് അംജദ് അലിഖാനൊപ്പം മുൻ കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രെട്ടറി എം പി രഘു എന്നിവരും പങ്കെടുത്തു. ബി കെ എസ് ബിസിനസ് ഐക്കൺ അവാർഡ് ഇന്ന് നടക്കുന്ന ചടങ്ങിൽ ബഹ്‌റൈൻ വെദ്യുത വകുപ്പ് മന്ത്രി അബ്ദുൽ ഹുസൈൻ അലി മിര്സായിൽ നിന്നും യൂണീക്കോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഹ്മാൻ ജുമാ ഏറ്റുവാങ്ങും.