ശീതളപാനീയത്തിനുള്ളിൽ ചത്ത എലി; അന്വേഷണം പൂർത്തീകരിച്ചു

മനാമ: സോഫ്റ്റ് ഡ്രിങ്ക് ക്യാനിനുള്ളിൽ ചത്ത എലിയെ കണ്ട സംഭവത്തിൽ അന്വേഷണം പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയം. മുഹർറഖിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡ്രിങ്ക് ക്യാനുമായി എത്തിയ പ്രവാസി തൊഴിലാളിയെ ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ വിച്ഛേദിച്ചതിനാൽ കണ്ടെത്താനായില്ലെന്നും ഇന്ന് രാവിലെ ഇറക്കിയ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലെങ്ങും പ്രചരിച്ച വീഡിയോ ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നെന്നും, പൊതുജന ആരോഗ്യ വിദഗ്ദർ സാമ്പിളുകൾ ശേഖരിക്കാനും പരാതിക്കാരന്റെ ആരോഗ്യനില പരിശോധിക്കാനുമായി ആശുപത്രിയിലെത്തിയിരുന്നെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. തുടർന്ന് സാമ്പിളുമായി പരാതിക്കാരൻ ആശുപത്രി വിടുകയും നൽകിയ നമ്പർ ലഭ്യമല്ലാത്തതിനാൽ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കുടിച്ച സോഫ്റ്റ് ഡ്രിങ്ക് ക്യാനിനുള്ളിൽ ചത്ത എലിയുമായി ഒരു രോഗി ആശുപത്രിയിൽ എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിലെങ്ങും പ്രചരിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു പ്രവാസി തൊഴിലാളി ആശുപത്രിയിലെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിയ തൊഴിലാളിയെ ഹോസ്പ്പിറ്റൽ അധികൃതർ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് നിർദേശിക്കുകയായിരുന്നു.

എന്നാൽ ബഹ്റൈനിലെ ഉൽപാദന മേഖലകളിൽ എലികളുടെ യാതൊരു ശല്യവുമില്ലെന്നും സൗകര്യങ്ങൾ ശുദ്ധവും സ്വതന്ത്രവുമാണെന്നും ഫാക്ടറികൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച ആരോഗ്യ വിദഗ്ധരുടെ സംഘം വെളിപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

വീഡിയോ: