ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി: ശശി തരൂർ

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. വന്‍തോതില്‍ വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു വിവരവും ബജറ്റില്‍ ഇല്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പുതിയതായി ഒന്നുമില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനോ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനോ പദ്ധതികളില്ല. ബി.ജെ.പിക്ക് സംഭാവന നല്‍കുന്ന കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണ് ബജറ്റ്. സ്വകാര്യ മേഖലകളെ കുറിച്ച് മാത്രമാണ് പരാമര്‍ശം. മിഡില്‍ ക്ലാസിന് വേണ്ടിയുള്ള പദ്ധതികളൊന്നുമില്ലെന്നും അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു.