മനാമ: പ്രവാസികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും ലക്ഷ്യമിട്ട് നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക വർദ്ധിപ്പിച്ച നടപടി പ്രവാസികളോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണെന്ന് ബഹ്‌റൈൻ നവകേരള പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. പ്രീമിയം വർദ്ധനവ് മൂലം സാധാരണക്കാരായ പ്രവാസികൾ കടുത്ത പ്രയാസത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്നും അനാവശ്യമായ ഈ നിരക്ക് വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളിൽ നേരിടുന്ന വർദ്ധിച്ച ജീവിതച്ചെലവ്, ഉയർന്ന കുടുംബച്ചെലവുകൾ, നാട്ടിലെ സാമ്പത്തിക ബാധ്യതകൾ എന്നിവയ്ക്കിടയിൽ കഴിയുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പ്രീമിയത്തിലെ തുക വർദ്ധിപ്പിച്ചത് അധിക ഭാരമാണ് സൃഷ്ടിക്കുന്നത്. പ്രവാസികളുടെ ആരോഗ്യപരിരക്ഷ ഒരു സാമ്പത്തിക ബാധ്യതയായി മാറാതെ സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും എളുപ്പത്തിൽ പ്രയോജനപ്പെടുന്ന രീതിയിലാണ് സംവിധാനം ക്രമീകരിക്കേണ്ടത്.
നോർക്ക കെയറിന്റെ ലാഭനഷ്ടങ്ങൾക്കപ്പുറം പ്രവാസികളുടെ ക്ഷേമം മുൻനിർത്തി അന്യായമായി വർദ്ധിപ്പിച്ച പ്രീമിയം തുക പൂർണ്ണമായും പിൻവലിക്കാൻ അധികൃതർ തയ്യാറാകണം. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി തുടങ്ങിയ പദ്ധതിയെ തകർക്കാതെ എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്ന് ബഹ്റൈൻ നവകേരള ഭാരവാഹികൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു









