small icons
small icons

ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ‘മൂവി ഓഫ് ദി മന്ത്’; തുംബാഡ് പ്രദർശനം ശ്രദ്ധേയമായി

New Project (25)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മൂവി ഓഫ് ദി മന്ത്’ ചലച്ചിത്ര പ്രദർശന പരമ്പരയുടെ ഭാഗമായി പ്രശസ്ത ഇന്ത്യൻ ഫാന്റസി ഹൊറർ ത്രില്ലർ ചിത്രമായ ‘തുംബാഡ്’ പ്രദർശിപ്പിച്ചു. നവംബർ 12 വ്യാഴാഴ്ച രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിലെ ബാബുരാജൻ ഹാളിൽ നടന്ന പ്രദർശനം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് സമാപിച്ചത്.

റാഹി അനിൽ ബർവെ സംവിധാനം ചെയ്ത് സോഹം ഷാ പ്രധാന വേഷത്തിലെത്തിയ ‘തുംബാഡ്’ ലോഭം, അത്യാഗ്രഹം, സമ്പത്തിനോടുള്ള മനുഷ്യന്റെ അന്ധമായ ആസക്തി എന്നിവ പ്രമേയമാക്കിയ വ്യത്യസ്തമായ ചലച്ചിത്രാവിഷ്കാരമാണ്. ഇന്ത്യൻ പുരാണകഥകളുടെ പശ്ചാത്തലത്തിൽ ഹസ്തർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, തലമുറകളിലൂടെ കൈമാറപ്പെടുന്ന അത്യാഗ്രഹത്തിന്റെ ദുരന്തഫലങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. അസാധാരണമായ ഛായാഗ്രഹണം, കലാസംവിധാനം, ശബ്ദവിന്യാസം, ആകാംക്ഷ നിറഞ്ഞ ആഖ്യാനശൈലി എന്നിവയിലൂടെ പ്രേക്ഷകർക്ക് വേറിട്ട സിനിമാനുഭവം സമ്മാനിച്ച ചിത്രം പ്രദർശനശേഷവും ചലച്ചിത്രാസ്വാദകർക്കിടയിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിയൊരുക്കി.

സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ രവികുമാർ,അഭിലാഷ് വെള്ളുക്കായി , വിനയചന്ദ്രൻ നായർ, റിയാസ് ഇബ്രാഹിം, ബിനു കരുണാകരൻ, വർഗീസ് ജോർജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫിലിം ക്ലബ്ബിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് അംഗം രാജീവ് പി. മാത്യു, ഫിലിം ക്ലബ് കൺവീനർ അരുണ്‍ ആർ. പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഫിലിം ക്ലബ് ഭാരവാഹികളായ സൂര്യപ്രകാശ്, ദിലീഷ് കുമാർ, ജയകുമാർ വയനാട്, രവി ആർ. പിള്ള, റോഷ്ന, സന്ധ്യ ജയരാജ്‌, അജികുമാർ ,മനോജ് ഉത്തമൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.
സിനിമയെ കൂടുതൽ ആഴത്തിൽ ആസ്വദിക്കാനും മികച്ച ചലച്ചിത്രങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശന പരമ്പരയ്ക്ക് ചലച്ചിത്ര പ്രേമികളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുവരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!