മനാമ: ഒമാൻ മലയാളികളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചു മസ്‌ക്കറ്റ്-കണ്ണൂർ വിമാന സർവീസ് എന്ന ആവശ്യം ഒടുവിൽ എയർ ഇന്ത്യ അധികൃതർ അംഗീകരിച്ചു. മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വിമാന സർവീസ് വൈകിക്കുന്നത്തിൽ പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകർ നിവേദനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.
വരുന്ന ഏപ്രിൽ മുതൽ മസ്‌ക്കറ്റിൽ നിന്നും കണ്ണൂരിലേക്ക് ആഴ്ചയിൽ മൂന്നു വീതം സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. സാമൂഹ്യ പ്രവർത്തകനായ പി എ അബൂബക്കർ നൽകിയ നിവേദനമാണ് വഴിത്തിരിവായത്. ഇതിന് മറുപടിയായി എയർ ഇന്ത്യ നെറ്റ്‌വർക്ക് പ്ലാനിങ് ആൻഡ് ഷെഡ്യൂളിങ് മാനേജർ രൂപാലി ഹലങ്കർ പി എ അബൂബക്കറിന് നേരിട്ടയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒമാൻ മലയാളികളുടെ സ്വപ്നം പൂവണിയുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് കണ്ണൂരിനോട് ചേർന്നുള്ള ബഹ്‌റൈൻ പ്രവാസികളും എയർ ഇന്ത്യയുടെ തീരുമാനത്തെ നോക്കികാണുന്നത്. ഒമാനിലെ പോലെ തന്നെ നിരവധി സാമൂഹ്യ പ്രവർത്തകരും സാമൂഹ്യ സംഘടനകളും ഇതിനോടകം വിമാന സർവീസ് ആരംഭിക്കണമെന്ന അഭ്യർത്ഥനയുമായി എയർ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഒരു ശുഭ വാർത്ത തങ്ങൾക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിൽ നിന്നുള്ള ബഹ്‌റൈൻ പ്രവാസികൾ.
കണ്ണൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലും നിന്നായി നിരവധി ആളുകളാണ് ഒമാനിൽ ജോലി ചെയ്യുന്നത്. ഇവരുടെ സൗകര്യം പരിഗണിച്ചാണ് സർവീസ് എന്ന് എയർ ഇന്ത്യ അയച്ച സന്ദേശത്തിൽ പറയുന്നു. കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, എയർ ഇന്ത്യ, കിയാൽ എന്നിവർക്കാണ് പി എ അബൂബക്കർ നിവേദനം സമർപ്പിച്ചത്. ഇതോടുകൂടി ഒമാനിൽ ജോലി ചെയ്യുന്ന ഉത്തര മലബാറുകാരുടെ സ്വപ്നം പൂവണിയുകയാണ്.