ഡൽഹി: യുഎഇ വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി. ഇന്നലെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. യുഎഇ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷെയ്ക് അബ്ദുള്ള ക്ഷണിക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി യുഎഇ സന്ദർശിച്ചത്. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി യുഎഇ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാം മോദി സർക്കാർ സ്ഥാനമേറ്റശേഷം ആദ്യമായാണ് ഒരു യുഎഇ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
