ഐ.ജി.എ ഐഡൻറിറ്റി കാർഡ് സെന്ററുകൾ ശനിയാഴ്ച തുറന്നു പ്രവർത്തിക്കും

മനാമ: ഇസ ടൗണിലെയും മുഹറഖിലെയും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ) ഐഡൻറിറ്റി കാർഡ് സെന്ററുകൾ വേനൽക്കാല അവധിക്കാലത്ത് ബഹ്‌റൈൻ പൗരന്മാരുടെ ആവശ്യകതയ്‌ക്ക് അനുസൃതമായി എല്ലാ ആഴ്ചയും ശനിയാഴ്ചകളിൽ തുറന്നു പ്രവർത്തിക്കും. നാളെ മുതൽ ബഹ്‌റൈൻ പൗരന്മാർക്ക് അവരുടെ ചിപ്പുകളുടെ ഡാറ്റ ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ഈ മാറ്റം വന്നിരിക്കുന്നത്.

യാത്ര, തീർത്ഥാടനം, ബിരുദം, ഭവന സേവനങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലെ ഏറ്റവും തിരക്കേറിയ സീസണുകളിൽ തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ബഹ്‌റൈനികൾ സർക്കാർ പോർട്ടൽ bahrain.bh സന്ദർശിക്കുകയും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുകയും വേണം. ഐഡി കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും കൈയിലുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം. ഞായറാഴ്ച മുതൽ ബുധൻ വരെ (രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ) വ്യാഴാഴ്ച (രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെ) ശാഖകൾ പതിവുപോലെ പ്രവർത്തനം തുടരും.