സൌദിയിൽ സ്ത്രീകൾക്ക് മുഖം മറക്കാൻ അനുവാദം നൽകാത്ത കമ്പനികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മുഖം മറക്കുന്ന കാരണത്താൽ സ്ത്രീകളെ നിയമിക്കുന്നതിൽ ചില സ്വകാര്യ കമ്പനികൾ വിമുഖത കാണിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ മുഫ് ലീഹ് അൽ ഖഹ്ത്താനിയുടേതാണ് മുന്നറിയിപ്പ്.
ഇത് തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള വ്യക്തമായ വിവേചനമാണ്. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം. ഇക്കാരണത്താല്‍ ഏതങ്കിലും വനിതാ ജീവനക്കാര്‍ക്ക് പ്രയാസം നേരിടുന്നതായി കണ്ടെത്തിയാല്‍ അത്തരം കമ്പനികളെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നടപടിക്കായി കൈമാറുമെന്ന് അൽ ഖഹ്ത്താനി മുന്നറിയിപ്പ് നൽകി. സ്ത്രീകളെ ജോലിക്ക് നിയമിക്കേണ്ടത് അവരുടെ യോഗ്യതയും കഴിവും പരിഗണിച്ചായിരിക്കണം, അവരുടെ വസ്ത്രധാരണ രീതിയോ, ബാഹ്യ രൂപമോ മാനദണ്ഢമാക്കേണ്ടതില്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.