തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിയ കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരാണ് പിടിയിലായത്. അഖിൽ യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമാണ്.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ എട്ടു പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസിലെ ഒന്ന്,രണ്ട് പ്രതികളായ എസ്എഫ്ഐ കോളേജ് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.