ദുബായ്: സാധാരണക്കാരായ പ്രവാസികൾക്കും ഇനിമുതൽ യുഎഇയിൽ കുടുംബസമേതം താമസിക്കാം. കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ശമ്പള പരിധി 4000 ദിര്‍ഹമാക്കി കുറച്ചു. നേരത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്ന പുതിയ രീതി ഞായറാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രവാസിയായ സ്ത്രീക്കോ പുരുഷനോ 4000 ദിര്‍ഹം അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന താമസ സൗകര്യവുമുണ്ടെങ്കില്‍ കുടുംബത്തെ സ്ഥിരമായി യുഎഇയില്‍ താമസിപ്പിക്കാൻ സാധിക്കും.
പുതിയ നിയമത്തിലൂടെ കുടുംബ-സാമൂഹിക ജീവതം കൂടുതല്‍ മെച്ചപ്പെടുത്താനും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ കൂടുതൽ ഗുണകരമാക്കാനും സാധിക്കുമെന്നാണ് യുഎഇയുടെ പ്രതീക്ഷ. പ്രൊഫഷണലുകളല്ലാത്തവര്‍ക്കുകൂടി കുടുംബത്തെ ഒപ്പം താമസിപ്പിക്കാമെന്നുള്ള തീരുമാനം പ്രവാസികള്‍ക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ഭര്‍ത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസ്സിന് താഴെയുള്ള കുട്ടിയ്ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും വിസ ലഭിക്കുന്നതാണ്.
കുടുംബത്തെ യുഎഇയിൽ താമസിപ്പിക്കാൻ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ ശമ്പള സര്‍ട്ടിഫിക്കറ്റും സ്വകാര്യ മേഖലയിലുള്ളവര്‍ തൊഴില്‍ കരാറിനൊപ്പം അവസാന മൂന്ന് മാസം ശമ്പളം വാങ്ങിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കണം. വിദേശികള്‍ക്ക് അനുകൂലമായി അടുത്തക്കാലത്ത് യുഎഇയില്‍ നടപ്പാക്കി വരുന്ന വിസ ഇളവുകളിലെ ഏറ്റവും സുപ്രധാന തീരുമാനമാണിത്.