ദുബായ്: ‘സ്മാർട് ട്രാക്ക്’ ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിന് ദുബായിൽ തുടക്കമായി. ആർടിഎ ഉദ്യോഗസ്ഥൻ ഇല്ലാതെ തന്നെ ഇനിമുതൽ ഡ്രൈവിംഗ് ലൈസന്‍സിനായി വാഹനമോടിക്കുന്നയാളുടെ മികവ് കണ്ടെത്താൻ സാധിക്കും. 15 യാർഡുകളിൽ പുതിയ സംവിധാനം നിലവിൽ വന്നു. വാഹനം ഓടിക്കുന്ന ആളുടെ മികവുകളും കുറവുകളും കണ്ടെത്താൻ വാഹനത്തിൽ സ്ഥാപിച്ച നൂതന ക്യാമറകൾ, സെൻസറുകൾ എന്നിവക്ക് കഴിയും. പിഴവുകൾ ഇല്ലാതെ ശരിയായ വിജയ പരാജയങ്ങൾ മനസിലാക്കാൻ ‘സ്മാർട് ട്രാക്ക്’ സംവിധാനത്തിലൂടെ സാധിക്കും.
ലോകത്തിലെ ഏറ്റവും സ്മാർട്ട് ആയ നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ. അബ്ദുല്ല അൽ അലി പറഞ്ഞു. സ്മാർട്ട് സെൻസറുകൾ, ത്രീഡി ക്യാമറ, ജിപിഎസ്, പരീക്ഷാർത്ഥിയുടെയും പരിശോധകന്റെയും മുഖഭാവങ്ങൾ ഒപ്പിയെടുക്കുന്ന സെൻസറുകൾ എന്നിവയെല്ലാം പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ് മികവുയർത്തി റോഡ് സുരക്ഷ വർധിപ്പിക്കാൻ ‘സ്മാർട് ട്രാക്ക്’ ഡ്രൈവിങ് സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.