മനാമ: ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ രണ്ടു മലയാളികൾ മരണപ്പെട്ടു. ഹൂറയിലെ അൽസഹബാ ഹജ്ജ് ഉംറ ഗ്രൂപ്പ് ഇൻചാർജ് ആയി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി തായൽ പീടികയിൽ ഹംസ മൊയ്ദീനും(50) ബഹറിനിൽ ജോലി ചെയ്തു വരികയായിരുന്ന കോട്ടയം പാമ്പാടി സ്വദേശി ശ്രീനിലയത്തിൽ ശ്രീദേവൻറെ ഭാര്യ സസ്യാവതി ശ്രീദേവനും(43) ആണ് അന്തരിച്ചത്.
ഇന്നലെ വൈകിട്ട് ഗുദൈബിയ അന്തലൂസ് ഗാർഡനിൽ സായാഹ്ന നടത്തത്തിന് ഇടയിലാണ് ഹംസ പാർക്കിൽ കുഴഞ്ഞു വീഴുന്നത്. ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് കുടുംബത്തെ നാട്ടിൽ പറഞ്ഞയച്ചിരുന്നു, അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: ഫാത്തിമ, മക്കൾ: ഫിർദാൻ, ഫിദ, ഫാമിത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
രണ്ടു ദിവസം മുൻപ് താമസ സ്ഥലത്തുവെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് സസ്യാവതിയെ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയ ശസ്ത്രക്രിയക്കും വിദഗ്ധ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ട് പോകാനിരിക്കെയായിരുന്നു ഇന്നലെ രാത്രിയോടെ രോഗം മൂർച്ഛിച്ചു മരണം സംഭവിച്ചത്. ഭർത്താവ്: ശ്രീദേവൻ ബി നായർ, മകൻ അദ്വൈത് എസ് നായർ ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.