ദുബായ്: ദുബായിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള ഗോ എയർ വിമാന സർവീസ് ജൂലായ് 25 മുതൽ ആരംഭിക്കും. യാത്രക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി. ജൂലായ് 25 വൈകീട്ട് 7:30 ന് ജി 8-58 ഗോ എയർ വിമാനം കണ്ണൂരിൽനിന്ന് ദുബായിലേക്ക് ആദ്യ സർവീസ് നടത്തും. ഗോ എയർ രാത്രി 10:30 ന് ദുബായിലെത്തും. കണ്ണൂരിലേക്കുള്ള ജി 8-57 വിമാനം രാത്രി 12:20 ദുബായിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 5.55-ന് കണ്ണൂരിൽ എത്തിച്ചേരും. ദുബായിലുള്ള കണ്ണൂർ സ്വദേശികൾക്ക് അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് നേരിട്ട് നാട്ടിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നത്. ദുബായിൽനിന്ന് സർവീസ് തുടങ്ങുന്നതോടെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനകരമാകും. നാട്ടിൽ പോകാൻ കോഴിക്കോട്ടെയും മംഗലാപുരത്തെയും വിമാനത്താവളങ്ങളെ ആശ്രയിച്ച കണ്ണൂർക്കാർക്ക് പുതിയ സർവീസ് ഏറെ ആശ്വാസകരമാകും.
