ടെഹ്‍റാന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികൾ ഉള്ളതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ജീവനക്കാരായ 23 പേരില്‍ 18 പേരും ഇന്ത്യക്കാരാണ്. ഇതിൽ മൂന്ന് പേർ എറണാകുളം സ്വദേശികളാണ്. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നാണു സൂചന. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചനാണ് ഇതിൽ ഒരാൾ. ഡിജോ കപ്പലിൽ ഉണ്ടെന്ന് കപ്പൽ കമ്പനി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഡിജോക്കൊപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികള്‍ കൂടി കപ്പലിലുണ്ടെന്നാണ് വിവരം.
ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽനിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജീവനക്കാർക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്ന് ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയതായാണ് റിപ്പോര്‍ട്ട്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പലാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാൻ പറയുന്നത്.