മനാമ: സോപാനം വാദ്യകലാസംഘത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു നവംബർ 8, 9 ( വെള്ളി ശനി) തീയതികളിൽ ഇൻഡ്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിൽ വച്ച് വിപുലമായ പരിപാടികളോടെ ‘വാദ്യസംഗമം 2019’ നടത്തപ്പെടുമെന്ന് സോപാനം പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം എന്നിവർ മുഖ്യ അതിഥികളായിരിക്കും. രണ്ടുദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ പാണ്ടിമേളം, പഞ്ചാരിമേളം, പഞ്ചവാദ്യം, കേളി, സോപാനസംഗീതം എന്നീ പരിപാടികൾ നടത്തപ്പെടുന്നതായിരിക്കും. അപൂർവ്വമായി മാത്രം അവതരിപ്പിക്കപ്പെടുന്ന ഇരട്ടപ്പന്തി പഞ്ചാരി മേളത്തിൽ സോപാനത്തിൽ മേളം അഭ്യസിച്ച നാല്പതു വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടത്തപ്പെടുത്തുന്നതാണെന്നും അറിയിച്ചു.
കൂടാതെ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ശ്രീ. രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന സംഗീത സമന്വയവും, 100 സംഗീത വിദ്യാർത്ഥികളും 100 നൃത്ത വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന പ്രത്യേക സംഗീത-നൃത്ത ശില്പവും ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടും.
ലോകപ്രശസ്ത വാദ്യകലാകാരന്മാർക്കൊപ്പം രണ്ടുദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ കേരളത്തിൽ നിന്നെത്തുന്ന 30 ൽ പരം കലാകാരന്മാരും ബഹറിൻ പ്രവാസികളായ മുന്നൂറിൽ പരം മേളകലാകാരന്മാരും അരങ്ങിലെത്തും. രണ്ടു ദിവസങ്ങളിലായി ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ മേളകലാ പരിപാടിക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സോപാനം ഗുരു സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ,സഹരക്ഷാധികാരി ബാലഗോപാൽ എന്നിവർക്കൊപ്പം ഷൈൻ രാജ്, മനു മോഹനൻ, ജോഷി ഗുരുവായൂർ വിനീഷ് സോപാനം എന്നിവർ പങ്കെടുത്തു.