ദുബായ്: സാമൂഹിക മാധ്യമം വഴി അജ്മാനിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്‌ദാനം നൽകി യു.എ.ഇ.യില്‍ എത്തിയ ഒന്‍പത് മലയാളികള്‍ ജോലി ലഭിക്കാതെ ദുരിതത്തിൽ. നാട്ടിൽ നിന്ന് കണ്ട വാട്‌സാപ് സന്ദേശം വഴിയാണ് ഇവർ റിക്രൂട്ടിങ് ഏജന്റിന് എഴുപതിനായിരം രൂപ നൽകിയത്. എന്നാൽ ഇവർക്ക് ലഭിച്ചത് സന്ദര്‍ശകവിസയായിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ ആരെയും കാണാത്തതിനെത്തുടർന്ന് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ട വിവരം ഇവർ മനസ്സിലാകുന്നത്. ദുബായ്, ഷാര്‍ജ, അജ്മാന്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലായി ദുരിതത്തില്‍ കഴിയുകയാണ് ഒമ്പത് പേരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുറികളിലാണ് താമസം. ശമ്പളം ഇല്ലാത്തതിനാല്‍ കൃത്യമായി ഭക്ഷണം പോലുമില്ല ഇവർക്ക്.
സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങളും വാഗ്ദാനങ്ങളും നല്‍കി പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്ന് യു.എ.ഇ. അധികൃതരും പ്രവാസി സംഘടനകളും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും നിരവധി പേർ തൊഴില്‍ തട്ടിപ്പുകളിൽ കുടുങ്ങുകയാണ്.