ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനം ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് 3ൽ നിന്ന് വേര്‍പ്പെട്ടു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.

സാങ്കേതിക തകരാർ മൂലം വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും. ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്ന ആദ്യനിമിഷങ്ങളില്‍തന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകള്‍ വിജയകരമായി വേര്‍പ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളില്‍ ഉപയോഗിച്ചത്. ചന്ദ്രയാൻ–1 2008 ഒക്ടോബറിലാണ് ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. 11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിടാണ് ചന്ദ്രയാൻ 2 വിക്ഷേപണം നടത്തിയത്.