ബി കെ എസ് ‘ഖസാക്കിന്റെ ഇതിഹാസം’ സുവർണ്ണ ജൂബിലി ആഘോഷം: കവർ ചിത്രരചന – കാർട്ടൂൺ മത്സര വിജയികളെ പ്രഖ്യാപിച്ചു

മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ കവർ ചിത്രരചന – കാർട്ടൂൺ മത്സര വിജയികളെ പ്രഖ്യാപിച്ചു. കവർ ചിത്രരചന കുട്ടികളുടെ വിഭാഗത്തിൽ ശില്പ സന്തോഷ് ഒന്നാം സ്ഥാനവും മിയ മറിയം അലക്സ് രണ്ടാം സ്ഥാനവും പത്മപ്രിയ പ്രിയദർശിനി മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ രാജീവ് പത്മനാഭൻ ഒന്നാം സ്ഥാനവും ലതാ മണികണ്ഠൻ, പ്രിയദർശിനി മനോജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കുട്ടികൾക്കായുള്ള കാർട്ടൂൺ മത്സരത്തിൽ മിയ മറിയം അലക്സും ശില്പ സന്തോഷും സമ്മാനങ്ങൾ നേടിയപ്പോൾ മുതിർന്നവരുടെ മത്സരത്തിൽ റോഷിത് കൊടിയേരിയ്ക്കും വിനു രഞ്ചുവിനുമാണ് സമ്മാനങ്ങൾ.

ജൂലൈ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് പ്രശസ്ത സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ.പി.കെ.രാജശേഖരൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒ.വി.വിജയൻ വരച്ച പ്രശസ്തങ്ങളായ കാർട്ടൂണുകളുടേയും മത്സരത്തിൽ പങ്കെടുത്തവർ വരച്ച ചിത്രങ്ങളുടേയും പ്രദർശനവും ഉണ്ടായിരിക്കും.