പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ മൂന്നാം ഘട്ട ധനസഹായം ലാൽസനു നൽകി

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ മൂന്നാം ഘട്ട ധനസഹായം ക്യാൻസർ രോഗബാധിതനായ ലാൽസനു നൽകി. പീപ്പിൾസ് ഫോറം അംഗങ്ങളിൽ നിന്നും സമാഹരിച്ച ചികിത്സാധന സഹായം പീപ്പിൾസ് ഫോറം മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അസി. ട്രെഷറർ ദിലീപിന് കൈമാറി. ഇതു രണ്ടാം തവണയാണ് പീപ്പിൾസ് ഫോറം ലാൽസനു ചികിത്സാധന സഹായം നൽകുന്നത്. വിധിയെ ചങ്കൂറ്റത്തോടെ നേരിട്ട ലാല്‍സന് ഇന്ന് ആ ചങ്കൂറ്റമില്ല. സാമ്പത്തിക പ്രശ്‌നങ്ങളും, ജപ്തി ഭീഷണിയും നേരിട്ടതോടെ ആശ്രയത്തിനായി ആസ്പത്രി കിടക്കയില്‍ കിടന്ന് ലാല്‍സന്‍ കേഴുകയാണ്. ചാഴൂര്‍ പഞ്ചായത്തിലെ പുള്ള് സ്വദേശി ചിറമ്മല്‍ വീട്ടില്‍ 33 കാരനായ ലാല്‍സനാണ് വിധിയോട് മല്ലടിക്കുന്നത്.

ബഹ്‌റൈനിൽ പ്രവാസിയായിരിക്കെ തടിയിൽ കണ്ട തടിപ്പാണ് കാന്‍സറിന്റെ രൂപത്തില്‍ ഈ യുവാവിന്റെ ജീവിതം മാറ്റി മറിച്ചത്. കാന്‍സറെന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ആര്‍.സി.സിയില്‍ മുപ്പത് റേഡിയേഷനും, അയഡിന്‍ തെറാപ്പിയും ചെയ്തു. അവിടെ റേഡിയേഷന്‍ ചെയ്തിന്റെ ഫലമായി ഈ യുവാവിന്റെ അന്നനാളം കരിഞ്ഞുണങ്ങിയതായി പറയുന്നു. ഒരിറ്റു വെള്ളം ഇറക്കാനാകാതെ രണ്ടു വര്‍ഷത്തിലധികമായി ലാല്‍സന്‍ ട്യൂബ് വഴിയാണ് ഭക്ഷണം കഴിച്ചിരുന്നത്. വീടു പണയം വച്ചും, ഭാര്യയുടെ സ്വര്‍ണം വിറ്റും, സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് പിരിച്ച സംഖ്യയുമടക്കം 15 ലക്ഷം രൂപ ആദ്യ ഘട്ടം ചികിത്സക്ക് ചിലവഴിച്ചു. ചികിത്സക്ക് പണമില്ലാതെ ആസ്പത്രി വിട്ടു തിരിച്ചു വന്ന ലാല്‍സന്റെ കദന കഥ മാധ്യമശ്രദ്ധ നേടുകയും സുമനസുകളുടെ കാരുണ്യത്തില്‍ വീണ്ടും ചികിത്സ തുടങ്ങുകയായിരുന്നു.

വേദനകള്‍ കടിച്ചമര്‍ത്തി ആസ്പത്രി കിടക്കയില്‍ കിടക്കുമ്പോഴും ലാല്‍സന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരുന്നില്ല. എന്നാല്‍ അടിക്കടി വന്ന സര്‍ജറികളും ആസ്പത്രി ബില്ലും മരുന്നു വാങ്ങാനുള്ള ചിലവും ഈ കുടുംബത്തെ തളര്‍ത്തി. ഇതിനിടയിലാണ് തൃശൂര്‍ കാര്‍ഷിക സഹകരണ ജില്ലാ ബാങ്കില്‍ നിന്നും ജപ്തി ഭീഷണിയെത്തിയത്. നാലു വര്‍ഷം മുമ്പെടുത്ത അഞ്ചു ലക്ഷം രൂപ പലിശയടക്കം ഒമ്പതു ലക്ഷം രൂപ അടക്കണം. ആസ്പത്രിക്കിടക്കയില്‍ വേദനകള്‍ക്കിടയിലും ലാല്‍സന്‍ പരിചയക്കാരെയും സുഹൃത്തുക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കയാണ്. തന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഒരു കൈത്താങ്ങ് സഹായം നല്‍കാമോ എന്ന് അപേക്ഷിക്കാന്‍. ലാല്‍സനും ഭാര്യ സ്റ്റെഫിക്കും കുഞ്ഞിനും ഇനി വേണ്ടത് കരുണയുടെ സഹായ ഹസ്തങ്ങളാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആലപ്പാട് ശാഖയിലുള്ള അക്കൗണ്ടിലേക്ക് സുമനസുകള്‍ക്ക് സഹായങ്ങള്‍ അയക്കാം. അക്കൗണ്ട് വിവരങ്ങള്‍ ചുവടെ.
അക്കൗണ്ട് നമ്പര്‍: 0096 0530 0000 6949
സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്, ആലപ്പാട് ശാഖ