ഇന്ത്യക്കാരനെ തട്ടികൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട ബംഗ്ലാദേശ് സ്വദേശികളുടെ അപ്പീൽ കോടതി തള്ളി

മനാമ : ഇന്ത്യയിൽ നിന്നുള്ള ബഹ്റൈൻ പ്രവാസിയെ തട്ടികൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട ബംഗ്ലാദേശ് സ്വദേശികളുടെ അപ്പീൽ കോടതി തള്ളി. കോൾഡ് സ്റ്റോർ ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി 19 മണിക്കൂറുകളോളം പീഡിപ്പിക്കുകയും 800 ബഹ്റൈൻ ദിനാർ മോചനദ്രവ്യമായി ആവശ്യപ്പെടുകയുമായിരുന്നു.

അഞ്ചു വർഷങ്ങൾക്കു മുൻപാണ് കേസിന് ആധാരമായ സംഭവം നടന്നത്. പ്രതികൾക്ക് 5 വർഷത്തെ ജയിൽ ശിക്ഷ ഹൈ ക്രിമിനൽ കോടതി വിധിച്ചത്. ഈ ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്.

സംഭവസമയത്ത് കട്ടിലിൽ കെട്ടിയിട്ട് യുവാവിനെ പ്രതികൾ മർദ്ദിച്ചിരുന്നു. മർദ്ദനത്തെ തുടർന്ന് യുവാവ് സുഹൃത്തിന്റെ സഹായത്തോടെ പണം എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരങ്ങൾ അറിഞ്ഞ സ്പോൺസർ പോലീസിൽ പരാതിപ്പെട്ടു. മുൻകൂട്ടി തയ്യാറാക്കിയ പോലീസ് പദ്ധതി പ്രകാരം സൽമാബാദിൽ വെച്ച് പണം കൈമാറാൻ ശ്രമിക്കുമ്പോൾ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.